ഇമ്രാന്‍ ഔട്ട്! ഒടുവില്‍ പട്ടാളത്തിന്റെ കാവലില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പ്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരെ പട്ടാളത്തിന്റെ കാവലില്‍ പാര്‍ലമെന്റ് അവിശ്വാസ പ്രമേയം പാസാക്കി. വോട്ടെടുപ്പ് നടത്താതെ നാലുവട്ടം സഭ നിര്‍ത്തിവച്ച സ്പീക്കര്‍ അസദ് ഖയ്‌സറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവച്ചതിനാല്‍ സഭാംഗമായ അയാസ് സാദിഖിന് സ്പീക്കറുടെ ചുമതല നല്‍കി വോട്ടെടുപ്പ് നടത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയാകാനാണ് സാദ്ധ്യത.

ഇമ്രാന്‍ അടക്കം ഭരണ പക്ഷത്തെ ഒട്ടുമുക്കാലും അംഗങ്ങള്‍ എത്തിയില്ല സഭയിലെത്തിയില്ല. പ്രതിപക്ഷ അംഗങ്ങള്‍ എല്ലാവരും എത്തിയിരുന്നു. ഇമ്രാനെ പുറത്താക്കാനുള്ള വിദേശ ഗൂഢാലോചനയും ചര്‍ച്ച ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെ സഭ ബഹളത്തില്‍ മുങ്ങി. പരമാവധി നേരം പ്രസംഗിച്ച് അവിശ്വാസ പ്രമേയം വോട്ടിനിടുന്നത് തടയാനായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷ മന്ത്രിമാരുടെ ശ്രമം. ഇന്നലെ രാത്രി അവിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് പാക് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ഇത് നടപ്പിലാകാത്തതിനാല്‍ രാത്രിതന്നെ കോടതി ചേരാന്‍ ചീഫ് ജസ്റ്റിസ് നടപടി തുടങ്ങിയിരുന്നു. അതിനിടെയാണ് പട്ടാളം ഇടപെട്ട് വോട്ടെടുപ്പ് നടത്തി ഇമ്രാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസം പാസാക്കിയതും.

2018 ആഗസ്റ്റ് 17നാണ് ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരിക് ഇ ഇന്‍സാഫ് സൈന്യത്തിന്റെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ മുന്നണി രൂപീകരിച്ച് അധികാരത്തിലെത്തിയത്.

142 അംഗങ്ങള്‍:

ഭരണമുന്നണിയില്‍

199 അംഗങ്ങള്‍:

പ്രതിപക്ഷ മുന്നണിയില്‍

172 വോട്ട്:

അവിശ്വാസം പാസാവാന്‍

342 അംഗങ്ങള്‍:

ദേശീയ അംസംബ്‌ളിയില്‍

പ്രധാന പ്രതിപക്ഷം

പാകിസ്ഥാന്‍ മുസ്ലീം ലീഗ് (നവാസ് )-84

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി- 56

പിന്തുണ നല്‍കുന്ന മറ്റുള്ളവര്‍-59