കൊച്ചി: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ വിതരണത്തിന് എത്തിയ്ക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കെജിഎഫിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം നായകന്‍ യാഷും നായിക ശ്രീനിധി ഷെട്ടിയും കൊച്ചിയിലെത്തിയിരുന്നു. യാഷിനെ സ്വീകരിക്കാന്‍ സുപ്രിയ മേനോനാണ് എത്തിയത്. ചടങ്ങില്‍ ചിത്രത്തിലെ നായിക ശ്രീനിധിയെ നിര്‍മ്മാതാവ് സുപ്രിയ അവഗണിച്ചുവെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. സുപ്രിയ വേദിയിലെത്തിയപ്പോള്‍ യാഷിന് മാത്രമെ കൈകൊടുത്തുള്ളൂവെന്നും ശ്രീനിധിയെ അവഗണിച്ചുവെന്നുമാണ് കമന്റ്‌സ്.
വേദിയിലേക്ക് കയറി സുപ്രിയ യാഷിന് കൈകൊടുത്ത് കഴിഞ്ഞ് സ്വന്തം ഇരിപ്പിടത്തിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ വന്ന ശങ്കര്‍ രാമകൃഷ്ണനും അങ്ങനെ തന്നെ ചെയ്തു. തനിക്ക് വേണ്ടി വസ്ത്രം ഒതുക്കി, എണീറ്റു നിന്ന് സ്വീകരിക്കുന്ന ശ്രീനിധിയേ തിരിഞ്ഞു നോക്കാന്‍ പോലും സുപ്രിയ തയ്യാറായില്ലെന്നാണ് വിമര്‍ശനം. ഒരു നടിയോടുള്ള അവഗണനയാണ് സുപ്രിയയും ശങ്കറും നടത്തിയതെന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്.
‘കാര്യം യാഷിന്റെ അത്രയും സ്റ്റാര്‍ വാല്യൂ ഒന്നുമില്ലെങ്കിലും നടിയാ. എങ്കിലും ഒരു മര്യാദ ഒക്കെ വേണ്ടെ’ എന്നാണ് പലരും വീഡിയോ പങ്കുവെച്ച് ചോദിക്കുന്നത്. ഇഗോ ആണെലും അബദ്ധമാണേലും ശ്രീനിധി വേദിയില്‍ വെച്ച് അപമാനിക്കപ്പെട്ടുവെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

