അമിതമായി തണുപ്പുള്ളതും ചൂടുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ; ഇക്കാര്യം ശ്രദ്ധിക്കൂ….

ഐസ്‌ക്രീം പോലെയുള്ള തണുത്ത ഭക്ഷണ പദാർത്ഥങ്ങളും ചായ പോലെയുള്ള ചൂട് വസ്തുക്കളും നമെല്ലാം കഴിക്കാറുണ്ട്. കാലാവസ്ഥയ്ക്കും അഭിരുചിക്കുമെല്ലാം അനുസരിച്ചാണ് നാം ഇത്തരത്തിൽ കഴിക്കാനുള്ള വിഭവങ്ങൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ അമിതമായി തണുപ്പും ചൂടുമുള്ള ഭക്ഷണ-പാനീയങ്ങൾ കഴിക്കും മുമ്പ് പല്ലിന്റെ ആരോഗ്യത്തെ കുറിച്ച് കൂടി കാര്യമായി ചിന്തിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

അമിതമായ തണുപ്പുള്ളതോ ചൂടുള്ളതോ ആയ ഭക്ഷണ-പാനീയങ്ങൾ പല്ലിലെ ഇനാമലിനെ പെട്ടെന്ന് തന്നെ നശിപ്പിക്കും. തണുത്ത പാനീയങ്ങൾ: ഫ്രിഡ്ജിൽ വച്ച് നല്ലതുപോലെ തണുപ്പിച്ചെടുത്ത പാനീയങ്ങൾ അപ്പാടെ കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഉപേക്ഷിക്കണം. ഇങ്ങനെ കഴിക്കുകയാണെങ്കിൽ പല്ലിന്റെ ഇനാമൽ നഷ്ടപ്പെടാനും പല്ലിൽ പോട് ഉണ്ടാകാനും മോണരോഗം ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനും സാധ്യതയുണ്ട്.

സെൻസിറ്റീവ്’ ആയ പല്ലുകളുള്ളവരാണെങ്കിൽ അമിതമായി ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് പെട്ടെന്ന് തന്നെ പ്രശ്നം സൃഷ്ടിക്കും. കടുത്ത വേദന അനുഭവപ്പെടുന്നതിനും പല്ലിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനുമെല്ലാം ഇത് ഇടയാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മിഠായികൾ, കേക്ക്, ബേക്കറികൾ പോലുള്ള പലഹാരങ്ങൾ പതിവായി കഴിക്കുന്നതും പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. അതിനാൽ, മധുരപലഹാരങ്ങളുടെ ഉപയോഗം കുറയ്ക്കണം.