‘അധികാരത്തോട് താല്‍പര്യമില്ല, ശ്രമിച്ചത് ഇന്ത്യയെ മനസ്സിലാക്കാന്‍’: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: താന്‍ ജനിച്ചത് അധികാര കേന്ദ്രത്തിലാണെങ്കിലും അധികാരത്തോട് ഇതുവരെ താല്‍പര്യം തോന്നിയിട്ടില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍, ചില രാഷ്ട്രീയ നേതാക്കള്‍ക്ക് അധികാരം നേടുന്നതില്‍ മാത്രമാണ് താല്‍പര്യം. മുഴുവന്‍ സമയവും അധികാരം നേടി ശക്തരാകുന്നതിനെക്കുറിച്ച് മാത്രമാണ് ഇത്തരക്കാരുടെ ചിന്തയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഡല്‍ഹിയിലെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

അധികാരം പിടിക്കുന്നതിലുപരി ഇന്ത്യയെന്ന രാജ്യത്തെ മനസ്സിലാക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളത്. രാജ്യത്ത് നിന്നും തനിക്ക് ഒരുപാട് സ്‌നേഹവും വെറുപ്പും കിട്ടി. തനിക്ക് കിട്ടുന്ന ഓരോ വേദനയും എന്തെങ്കിലും പഠിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മായാവതി നയിക്കുന്ന ബിഎസ്പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നുവെന്നും, എന്നാല്‍ മായാവതി പ്രതികരിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.