വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതിയില്‍ തെറ്റില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതിയില്‍ ഭരണഘടനാപരമായി തെറ്റൊന്നുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ ആര്‍ക്കും പരിപൂര്‍ണ്ണമായ അവകാശമൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദേശ സംഭാവന പരിപൂര്‍ണ്ണമായും നിരോധിക്കണമോയെന്ന കാര്യത്തിലും കേന്ദ്രത്തിന് തീരുമാനിക്കാം. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വ്യക്തമാക്കിയത്.

സംഭാവനകള്‍ നല്‍കാന്‍ തയ്യാറാകുന്നവര്‍ ധാരാളമുള്ളതിനാല്‍ രാജ്യത്തിനുള്ളില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ കോടതി സന്നദ്ധ സംഘടനകളോട് അഭ്യര്‍ഥിച്ചു. അങ്ങനെ വന്നാല്‍ വിദേശ രാജ്യങ്ങളുടെ സ്വാധീനവും കുറയും. വിദേശ സംഭാവനകള്‍ രാജ്യത്തിന്റെ നയങ്ങളെ വരെ ബാധിക്കാം. അതു വഴി രാഷ്ട്രീയ ആശയങ്ങള്‍ വരെ നമ്മില്‍ അടിച്ചേല്‍പ്പിക്കാം. അതിനാല്‍ വിദേശ സംഭാവന പരമാവധി കുറയ്ക്കണം, കോടതി പറഞ്ഞു.

എന്നാല്‍, വിദേശ സംഭാവനയ്ക്ക് അനുമതി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് വേണമെന്ന ഉപാധി മാറ്റി പകരം പോസ്പോര്‍ട്ട് മതിയെന്നുമാക്കാം. ഇതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.