ലാഹോർ: ഇന്ത്യയെയും രാജ്യത്തെ ഭരണസംവിധാനത്തെയും പുകഴ്ത്തി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നേരിടുന്നതിന് മുമ്പായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു ഇമ്രാൻ ഖാന്റെ പരാമർശം. ഇന്ത്യയും അവിടത്തെ ജനങ്ങളും വളരെയേറെ അഭിമാനമുള്ളവരാണെന്നും ലോകത്തിലെ ഒരു വൻ ശക്തിക്കും ഇന്ത്യയെ വിലക്കെടുക്കാൻ സാധിക്കില്ലെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.
തന്റെ സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷത്തെ സഹായിക്കുന്നത് വിദേശശക്തികളാണെന്നും ഇമ്രാൻ ഖാൻ വെളിപ്പെടുത്തി. പാകിസ്താന്റെ പരമാധികാരം പാക് ജനതയുടെ കൈയിലാണ്. എന്ത് വിലകൊടുത്തും അത് കാത്തുസൂക്ഷിക്കണമെന്ന് ഇമ്രാൻ ഖാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
യുവജനതയാണ് രാജ്യത്തിന്റെ ശക്തി. എന്നാൽ ജനപ്രതിനിധികളെ ഇത്തരത്തിൽ കച്ചവടം ചെയ്യുന്നത് എന്തു തരത്തിലുള്ള ഉദാഹരണമാണ് യുവാക്കൾക്ക് നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് നടക്കുന്നത് കുതിരക്കച്ചവടമാണ്. ജനപ്രതിനിധികളെ കാലിച്ചന്തയിലെ മാടുകളെപോലെ ലേലം വിളിക്കുകയാണെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. ഇനി ഭാവിയിൽ ആര് അധികാരത്തിൽ വന്നാലും ലോകശക്തികളായ മറ്റ് രാജ്യങ്ങൾ പറയുന്നതു പോലെ മാത്രമേ അവർ പാകിസ്താന്റെ ഭരണം നടത്തുകയുള്ളൂവെന്നും അത് ഒരുകാലത്തും അനുവദിച്ചുകൊടുക്കരുതെന്നും പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

