കെ-റെയില്‍: അന്തിമാനുമതി നല്‍കുന്നത് പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ്‌

സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. പദ്ധതിയുടെ സാങ്കേതിക-പ്രായോഗിക വിവരങ്ങള്‍ ഡിപിആറില്‍ ഇല്ലെന്നും വിശദ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കിയെന്നും ബോര്‍ഡ് ചെയര്‍മാന്‍ വിനയ ത്രിപാഠി അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയെ രേഖാമൂലം അറിയിക്കുകയായിരുന്നു.

അതേസമയം, കെ-റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതില്‍ ചൂണ്ടിക്കാട്ടി. സര്‍വേയുടെ പേരില്‍ റെയില്‍വേ കല്ലിടാന്‍ പാടില്ലെന്ന് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പദ്ധതി സംബന്ധിച്ച് ഇന്ന് നിലപാടറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പദ്ധതിക്ക് കേന്ദ്രം അനുകൂലമാണോ പ്രതികൂലമാണോ എന്ന കാര്യത്തില്‍ വ്യക്തയില്ല. ഡിപിആര്‍ പരിഗണനയിലാണ്, റെയില്‍വേ ഭൂമിയില്‍ സര്‍വ്വേക്ക് അനുമതി നല്‍കിയിട്ടില്ല എന്നീ കാര്യങ്ങള്‍ മാത്രമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍വേയും ഭൂമി ഏറ്റെടുക്കലും ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്രത്തിന്റെ നിലപാട് തേടിയത്.