കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ചെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സായ് ശങ്കർ ഇക്കാര്യം അറിയിച്ചത്.
താൻ നശിപ്പിച്ച തെളിവുകളിൽ കോടതി രേഖകളുമുണ്ടെന്ന് സായ് ശങ്കർ വ്യക്തമാക്കി. കോടതി സീലുളളതും ഇല്ലാത്തതുമായ രേഖകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെളിവുകൾ നശിപ്പിക്കാനെന്ന് പറഞ്ഞല്ല തന്നെ വിളിച്ചത്. അഭിഭാഷകന്റെ ഓഫീസിൽ എത്തിയപ്പോഴാണ് ഇക്കാര്യം മനസിലായത്. രണ്ട് ഫോണുകളിലെ തെളിവുകളാണ് താൻ നശിപ്പിച്ചത്. ഇതൊരിക്കലും പുറത്തുവരരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ തന്നോട് പറഞ്ഞു. അഡ്വ ഫിലിപ് ടി വർഗീസാണ് ഇക്കാര്യം പറഞ്ഞതെന്നും തെളിവുകൾ നീക്കം ചെയ്യുമ്പോൾ ദിലീപും ഒപ്പമുണ്ടായിരുന്നുവെന്നും സായ് ശങ്കർ അറിയിച്ചു.
തെളിവ് നശിപ്പിച്ചതിന് തനിക്ക് കാര്യമായി പണം തന്നില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും മുഴുവൻ കാര്യങ്ങളും കോടതിയിൽ തുറന്നു പറയുമെന്നും അദ്ദേഹം മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

