തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സംസ്ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. കെ റെയിൽ സർവേയുടെ പേരിൽ റെയിൽവേ കല്ലിടാൻ പാടില്ലെന്ന് രേഖാമൂലം നിർദേശം നൽകിയിരുന്നുവെന്നും പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കെ റെയിൽ പദ്ധതിയിൽ കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളികളാണെന്നും അതുകൊണ്ട് നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞിരുന്നു.
സാമൂഹിക ആഘാത പഠനം നടത്താൻ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമാണോ തുടങ്ങിയ കാര്യങ്ങളിലാണ് കോടതി വ്യക്തത ആവശ്യപ്പെട്ടത്. പുതുച്ചേരിയിലൂടെ റെയിൽ പോകുന്നുണ്ടോയെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. കെ റെയിൽ പദ്ധതിയുടെ സർവേ സംബന്ധിച്ച് കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നാണ് ഹൈക്കോടതി പറഞ്ഞത്.
എന്താണ് ചെയ്യാൻ പോകുന്നതെന്നു കേന്ദ്ര സർക്കാരിനു പറയാമായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. സർവേ നടത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സിൽവർലൈൻ പദ്ധതിക്കായി കെ റെയിൽ എന്നെഴുതിയ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.
കെ റെയിൽ പദ്ധതിയിൽ 49% ഓഹരി പങ്കാളിത്തമുള്ള കേന്ദ്ര സർക്കാർ സർവേ സംബന്ധിച്ചു വ്യക്തത വരുത്തണമായിരുന്നു. ഇത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സിൽവർലൈൻ പദ്ധതിക്കായി ഈ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കുമെന്ന് ആശങ്ക വേണ്ടെന്നും കോടതി അറിയിച്ചിരുന്നു.

