1000 കോടി ബോക്സ്ഓഫീസ് കളക്ഷന്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍. ചിത്രം റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ 800 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ഇതുവരെ 939.41 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ക്ക് പത്ത് ഗ്രാമിന്റെ 18 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ നാണയങ്ങളാണ് നടന് രാം ചരണ്‍ നല്‍കിയത്. ക്യാമറ സഹായികള്‍, പ്രൊഡക്ഷന്‍ മാനേജര്‍, ഫോട്ടോഗ്രാഫര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ ചിത്രത്തിലെ 35 ടെക്നീഷ്യന്മാരെയാണ് രാം ചരണ്‍ വീട്ടിലേക്ക് ക്ഷണിച്ച് സ്നേഹ സമ്മാനം നല്‍കിയത്. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ആറാമതാണ് നിലവില്‍ ചിത്രത്തിന്റെ സ്ഥാനം. റിലീസിന് മുന്‍പ് തന്നെ കോടികളുടെ കളക്ഷന്‍ ചിത്രം നേടിയിരുന്നു. 450 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്‍പ് തന്നെ ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെ 325 കോടി സ്വന്തമാക്കിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ മൂവി ഡാറ്റാ ബേസ് കമ്പനിയുടെ ഏറ്റവും ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെടുന്ന ഏക ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് ആര്‍ആര്‍ആര്‍.

