സിപിഎം സെമിനാര്‍ വിഷയം; കോണ്‍ഗ്രസില്‍ നിന്ന് പുറത്തായാലും കെ.വി തോമസ് വഴിയാധാരമാവില്ലെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: സിപിഎം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താവുകയാണെങ്കില്‍ അദ്ദേഹം വഴിയാധാരമാവില്ലെന്ന് വ്യക്തമാക്കി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ രംഗത്ത്. ഇപ്പോള്‍ തന്നെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയൊക്കെ അനുഭവം അങ്ങനെയാണെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

‘ആറ് കോണ്‍ഗ്രസുകാരെയാണ് മതനിരപേക്ഷതയില്‍ ഊന്നിയ ദേശീയ പ്രാധാന്യമുള്ള വിഷയത്തില്‍ നടക്കുന്ന സെമിനാറിലേക്ക് ക്ഷണിച്ചത്. അതില്‍ കെ.വി തോമസ് ഒരിക്കലും സെമിനാറില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല. വരുമെന്ന് തന്നെയാണ് പ്രതീക്ഷ. ഏത് നിമിഷവും ബിജെപിയില്‍ ചേക്കേറാന്‍ കാത്തിരുന്ന ഒരാളാണ് ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷനായിരിക്കുന്നത്. അദ്ദേഹത്തേയും കെ.വി തോമസിനേയും തുലനം ചെയ്യാനാവില്ല. ആര്‍.എസ്.എസിന്റെ എ-ടീമായി പ്രവര്‍ത്തിക്കുന്ന സുധാകരന്റെ ഊര് വിലക്ക് തിരുമണ്ടന്‍ തീരുമാനമാണ്. സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന ഊര് വിലക്ക് ബിജെപിക്ക് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയാന്‍ കെ.വി തോമസിന് കഴിയും. ഗാന്ധിയുടേയും നെഹ്‌റുവിന്റേയും പാരമ്പര്യത്തില്‍ കോണ്‍ഗ്രസിനെ മതനിരപേക്ഷതയിലേക്ക് കൊണ്ടുപോവാന്‍ താല്‍പര്യമുള്ള ഒരു കൂട്ടരും ഗോഡ്‌സെയുടെ പാരമ്പര്യത്തിലേക്ക് കോണ്‍ഗ്രസിനെ നയിക്കുന്ന ഒരു കൂട്ടരും തമ്മിലുള്ള ആശയ സമരമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്. തീര്‍ച്ചയായും നെഹ്‌റുവന്റേയും ഗാന്ധിയുടേയും പാരമ്പര്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കെ.വി തോമസിന് ഇത്തരമൊരു സെമിനാറിലേക്ക് വരാനിരിക്കാനാവില്ല. സെമിനാറിന്റെ മുഴുവന്‍ വിശദാംശങ്ങളും കെ.വി തോമസിന് അയച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹം ഒരു കാലത്തും വര്‍ഗീയതയ്ക്ക് അനുകൂലമായ നിലപാടെടുത്തിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് സെമിനാറിന് ഊര് വിലക്ക് കല്‍പിച്ചതോടെ സെമിനാറിന്റെ പ്രചാരണം വര്‍ധിക്കുകയാണ് ചെയ്തത്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.