കൊച്ചി: ഡിസംബർ 25 മുതൽ പള്ളികളിൽ പുതിയ കുർബാന ക്രമം നടപ്പാക്കുമെന്ന് ബിഷപ്പ് ആന്റണി കരിയിൽ. കുർബാന പരിഷ്കരണത്തെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിലുണ്ടായ തർക്കത്തിനാണ് ഇതോടെ അവസാനമാകുന്നത്. ഡിസംബർ 25 മുതൽ പുതിയ കുർബാനയിലേക്ക് മാറാനുള്ള ഒരുക്കം നടത്താനാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി രൂപത വൈദികർക്ക് ബിഷപ്പ് സർക്കുലർ അയക്കുകയും ചെയ്തു. ഈസ്റ്ററിന് മുൻപ് പുതിയ കുർബാന നടപ്പാക്കണമെന്ന മാർപാപ്പയുടെ നിർദ്ദേശം നടപ്പാവില്ലെന്നും ഇതോടെ വ്യക്തമായിട്ടുണ്ട്.
ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്നും അതിനാൽ പുതിയ കുർബാന ക്രമം നടപ്പാക്കുന്നത് വൈകുമെന്നും ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ വ്യക്തമാക്കി. മാർപ്പാപ്പയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റണി കരിയിൽ വൈദികർക്ക് സ,ർക്കുലർ അയച്ചത്. പുതിയ കുർബാനയ്ക്ക് ഒരുക്കങ്ങൾ നടത്താൻ സമയം വേണ്ടതിനാൽ ഈസ്റ്ററിന് മുൻപ് തീരുമാനം നടപ്പാക്കാൻ കഴിയില്ലെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല ഇക്കാര്യം വൈദികരെയും അൽമായരെയും ബോധ്യപ്പെടുത്താൻ സാവകാശം വേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു. അതേസമയം, ആർച്ച് ബിഷപ്പിന്റെ നടപടി അംഗീകരിക്കുന്നതായി പ്രതിഷേധം ഉയർത്തിയ വൈദികർ അറിയിച്ചു. സിനഡ് ഏകപക്ഷീയമായി എടുത്ത തീരുമാനത്തെയാണ് എതിർത്തതെന്നും അനീതിക്കെതിരെ ഇനിയും ചെറുത്തുനിൽപ്പ് ഉണ്ടാകുമെന്നും വൈദികർ പ്രതികരിച്ചു.

