കൊളംബോ: ശ്രീലങ്കൻ ധനമന്ത്രി അലി സബ്രി രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് അലി സബ്രി രാജി വെച്ചത്. പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ സഹോദരൻ ബസിൽ രജപക്സയെ മാറ്റിയാണ് അലി സബ്രിയെ നിയമിച്ചത്. നിലവിലെ സ്ഥിതി പഠിച്ച ശേഷം, പ്രതിസന്ധി മറികടക്കാൻ പുതിയ ധനമന്ത്രിയെ നിയമിക്കണമെന്ന് പ്രസിഡന്റിന് സമർപ്പിച്ച കത്തിൽ സബ്രി ആവശ്യപ്പെട്ടു.
നിയമവകുപ്പ് രാജിവച്ച ശേഷം മറ്റൊരു മന്ത്രി സ്ഥാനത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും പാർലമെന്ററി ജനാധിപത്യം നിലനിർത്താനും സംവിധാനങ്ങൾ അതേപടി തുടരാനുമാണ് ധനമന്ത്രിയായി ചുമതലയേറ്റതെന്നും അദ്ദേഹം രാജി കത്ത് സമർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മുൻപെങ്ങുമില്ലാത്ത വിധം കടുത്ത പ്രതിസന്ധിയാണ് ശ്രീലങ്കയിൽ അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ശ്രീലങ്കയിലെ തെരുവുകളിൽ ജനങ്ങൾ പ്രതിഷേധം നടത്തി. നെഗോമ്പോ പട്ടണത്തിൽ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്ട്രീയ നേതാക്കളുടെ വീടുകൾ ജനങ്ങൾ വളഞ്ഞു. മുൻ മന്ത്രി ഗാമിനി ലോകഗിന്റെ വീടിന് തീയിടാനും ശ്രമം നടന്നു. അതേസമയം, സർവകക്ഷി സർക്കാരിൽ ചേരില്ലെന്ന് പ്രതിപക്ഷം അറിയിച്ചു.
ശ്രീലങ്കയിൽ കടുത്ത നിയന്ത്രണങ്ങളാമ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യവ്യാപക കർഫ്യൂ തുടരുകയാണ്. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പ്രസിഡന്റ് ഗൊതബായ രജപക്സെ നേരത്തെ അറിയിച്ചിരുന്നു.

