ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടത് നിയമപരമല്ല; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കന്യാസ്ത്രീയും സര്‍ക്കാരും

കൊച്ചി: ബലാത്സംഗ കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് നോട്ടീസയച്ച് ഹൈക്കോടതി. വിചാരണക്കോടതി വിധിക്കെതിരെ കന്യാസ്ത്രീയും സര്‍ക്കാരും നല്‍കിയ അപ്പീല്‍ സ്വീകരിച്ചുകൊണ്ടാണ് കോടതി നടപടി. കേസില്‍ ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടത് നിയമപരമല്ലെന്നും, തെളിവുകള്‍ കൃത്യമായി പരിശോധിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

അതേസമയം, വിചാരണക്കോടതി ഉത്തരവില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസില്‍ സംസ്ഥാന സര്‍ക്കാരും അപ്പീല്‍ നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവുകളെ പോലും അവഗണിച്ചായിരുന്നു വിചാരണ കോടതിയുടെ വിധിയെന്നാണ് പോലീസ് പറയുന്നത്.

ഉന്നതാധികാരമുള്ള ബിഷപ്പിനു കീഴില്‍ കഴിഞ്ഞിരുന്ന പരാതിക്കാരിയുടെ നിസഹായാവസ്ഥ ബിഷപ്പ് ചൂഷണം ചെയ്യുകയായിരുന്നെന്നും ഇതിനെയെല്ലാം അതിജീവിച്ച് കന്യാസ്ത്രീ നല്‍കിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടും കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നു.