മലയാള സിനിമാ മേഖലയില്‍ പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ല; കൊച്ചി ചലച്ചിത്രമേളയില്‍ റിമ കല്ലിങ്കല്‍

കൊച്ചി: കേരളത്തില്‍ ഇതുവരെ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ദുരനുഭവം ഉണ്ടായാല്‍, അത് തുറന്നുപറയാന്‍ ഒരു ഇടമില്ല എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് റിമ കല്ലിങ്കല്‍. കൊച്ചിയില്‍ റീജിയണല്‍ ഐ.എഫ്.എഫ്.കെയുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ ഫോറത്തില്‍ സിനിമ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റി കൊണ്ടുവരുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു റിമ.

‘തൊഴിലിടത്തിലെ ലൈംഗികാതിക്രമം എന്താണെന്നത് കൃത്യമായി ക്ലാസെടുത്ത് എല്ലാ യൂണിയനുകളും അതിനുവേണ്ടി മുന്നിട്ടിറങ്ങുക തന്നെ വേണം. അതിക്രമങ്ങള്‍ക്കെതിരായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും അറിവുകളും നല്‍കുന്നതിനുള്ള ഉത്തരവാദിത്തം കൂടി കാണിക്കണം. ലൈംഗിക അതിക്രമം എന്നതില്‍ മാത്രം ഇതിനെ ഒതുക്കിനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് തന്നെ ‘വൈറസ്’ എന്ന സിനിമയില്‍ ഞങ്ങള്‍ ഒരു ഐ.സി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ആദ്യമേ പറയാം, ഇത് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണ്. മൂന്ന് ആളുകളെ ഇതിനായി ആദ്യം കണ്ടെത്തണം. അതിലൊരാള്‍ ആക്ടിവിസ്റ്റായിരിക്കണം, സ്ത്രീയായിരിക്കണം, നിയമവശങ്ങള്‍ നന്നായി അറിയുന്നയാളായിരിക്കണം. നമ്മള്‍ ഒരു തൊഴിലിടം ഒരുമിച്ച് കൊണ്ടുവരുമ്പോള്‍ അവിടെ ഒരു രീതിയിലുമുള്ള അനിഷ്ട സംഭവങ്ങളും ഉണ്ടാകരുത് എന്ന മാനസികാവസ്ഥ മാത്രമേ ഇതിനാവശ്യമുള്ളൂ.

ലൈംഗിക അതിക്രമം എന്നതില്‍ മാത്രം അത് ഒതുക്കിനിര്‍ത്താന്‍ ഞാനാഗ്രഹിക്കുന്നില്ല.ഒരു സിനിമാ സെറ്റിന്റെ ചിത്രമെടുത്ത് നോക്കിയാല്‍ അതില്‍ ഒന്നോ രണ്ടോ സ്ത്രീകളേ പ്രവര്‍ത്തിക്കുന്നുണ്ടാകുകയൊള്ളു. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും രീതിയിലുള്ള മോശം അനുഭവമുണ്ടായാല്‍ അതുപറയാന്‍ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിരുന്നില്ലെന്നത് അവിശ്വസനീയമായാണ് എനിക്ക് തോന്നുന്നത്. ഐ.സി വേണമെന്ന് പറഞ്ഞ് ഡബ്ലിയു.സി.സി സമ്മര്‍ദ്ദം ചെലുത്തുന്നത് ഈ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കുകൂടി വേണ്ടിയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ സെറ്റിന്റെ സൈഡില്‍ നിന്ന് വരുന്ന കമന്റുകളോ, ജോലി കിട്ടാതിരിക്കാനുള്ള സാധ്യതകളുണ്ട് എന്ന തരത്തിലുള്ള സംസാരങ്ങളോ എല്ലാം ഇതേ വിഭാഗത്തില്‍പ്പെടുമെന്ന് ‘വൈറസി’ന്റെ സെറ്റില്‍ വൈശാഖ് തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൃത്യമായി പറഞ്ഞിരുന്നു. എല്ലാ യൂണിയനുകളും വരിസംഖ്യ വാങ്ങി അംഗത്വം നല്‍കുന്നതിനൊപ്പം തന്നെ അതിക്രമങ്ങള്‍ക്കെതിരായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ക്ലാസ്സുകളും നല്‍കുന്നതിനുള്ള ഉത്തരവാദിത്തവും കൂടി കാണിക്കണം.’ താരത്തിന്റെ പരാമര്‍ശങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.