ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ സുധാകരന്റെ ഫ്‌ളാറ്റില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. കെ സുധാകരന്‍ നല്ല സുഹൃത്തും സഹപ്രവര്‍ത്തകനുമാണ്. സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം എല്ലാ പ്രവര്‍ത്തകര്‍ക്കും ബാധകമാണ്. നേതാക്കള്‍ ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പറഞ്ഞു.
അതേസമയം, സിപിഎം ചെറിയ സംസ്ഥാനത്ത് മാത്രം ഒതുങ്ങിയ പാര്‍ട്ടിയാണെന്ന് കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. ‘കോണ്‍ഗ്രസിന് മുന്നില്‍ അവര്‍ നിബന്ധന വെക്കുന്നത് സമാന്യ മര്യാദക്ക് നിരക്കാത്തതാണ്. ബി ജെ പി പറയുന്ന കോണ്‍ഗ്രസ് മുക്ത ഭാരതമാണ് സി പി എമ്മും പറയുന്നത്. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെയാണിത്. കേരളത്തില്‍ ബി ജെ പി – സി പി എം ധാരണ നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമാണ് കെ റെയില്‍. പ്രതിപക്ഷത്തെ ഐക്യം പൊളിക്കാന്‍ സി പി എം നീക്കം നടത്തുന്നു. അതിന്റെ ഭാഗമാണ് എസ് ആര്‍ പിയുടെ വിമര്‍ശനം. ഐഎന്‍ടിയുസിയെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടില്ല. കേരളത്തില്‍ നടക്കുന്നത് ഗുണ്ടാ രാജാണ്’- സുധാകരന്‍ ആരോപിച്ചു.
കോണ്‍ഗ്രസ് അംഗത്വ വിതരണം നീളാന്‍ കാരണം പുനഃസംഘടന ചര്‍ച്ച നീണ്ടു പോയതാണെന്ന് അദ്ദേഹം പറഞ്ഞു. സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ പി സി സി തീരുമാനം അംഗീകരിക്കാതെ പങ്കെടുക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

