ഹൈദരാബാദ്: ബഞ്ചറാഹില്‍സിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിനോട് ചേര്‍ന്ന പബ്ബില്‍ പ്രമുഖരുള്‍പ്പടെയുള്ളവരെ പങ്കെടുപ്പിച്ച് നിയമവിരുദ്ധമായി നടത്തിയ പാര്‍ട്ടിയില്‍ ഉപയോഗിച്ചത് കൊക്കെയ്ന്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ഹോട്ടലിലെ പബ്ബ് നടത്തിപ്പുകാരന്‍ അഭിഷേക് വുപ്പള, പബ്ബ് മാനേജര്‍ അനില്‍ കുമാര്‍ എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പബ്ബ് ഉടമകളിലൊരാളായ അര്‍ജുന്‍ വീരമച്ചിനേനിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസിന്റെ പ്രത്യേക സംഘം പബ്ബില്‍ മിന്നല്‍ പരിശോധന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പബ്ബിലുണ്ടായിരുന്ന 150-ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സിനിമാ നടന്റെ മകള്‍, മുന്‍ ഡി.ജി.പി.യുടെ മകന്‍, പ്രശസ്ത ഗായകന്‍, എം.പി.യുടെ മകന്‍ എന്നിവരടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും, ഇവരില്‍ പലരുടെയും രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പബ്ബില്‍ ലഹരിമരുന്ന് വിതരണം ചെയ്തിട്ടില്ലെന്നായിരുന്നു ജീവനക്കര്‍ ആദ്യം മറുപടി നല്‍കിയത്. എന്നാല്‍, പോലീസ് നടത്തിയ പരിശോധനയില്‍ കൊക്കെയ്ന്‍ കണ്ടെടുക്കുകയായിരുന്നു. സംശയകരമായ രീതിയില്‍ മറ്റുചില പാക്കറ്റുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ബാര്‍ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് പബ്ബില്‍ അര്‍ദ്ധരാത്രി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം, പബ്ബിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

