പാകിസ്താന്‍ ഭരണ പ്രതിസന്ധി; ഇന്ത്യയേയും ഇസ്രയേലിനെയും വിവാദത്തിലേക്ക് വലിച്ചിട്ട്‌ പിപിപി നേതാവ്‌

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്നതിന് വിദേശ ഇടപെടല്‍ ഉണ്ടായി എന്ന ഇമ്രാന്‍ ഖാന്റെ ആരോപണത്തിന് മറുപടിയുമായി പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ഇമ്രാന്‍ ഖാന് ഇന്ത്യയില്‍ നിന്നും ഇസ്രയേലില്‍ നിന്നും ധനസഹായം ലഭിച്ചുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. തിങ്കളാഴ്ച സിന്ധിലെ ശിക്കാര്‍പൂരിന് സമീപം ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് പാകിസ്ഥാന്റെ ആഭ്യന്തര വിഷയങ്ങളിലേക്ക് ഇന്ത്യയേയും ഇസ്രയേലിനേയും വലിച്ചിടാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ശ്രമിച്ചത്. എന്നാല്‍, ഇത് ഇമ്രാന്‍ ഉയര്‍ത്തിയ ‘വിദേശ ഗൂഢാലോചന’ കുറ്റത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ബിലാവലിന്റെ തന്ത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

‘ഒരു വിശ്വാസ വോട്ടെടുപ്പ് വരുന്നു, അത് വിജയിച്ചാല്‍ പാകിസ്ഥാന്റെ എല്ലാ തെറ്റുകളും ക്ഷമിക്കപ്പെടും, അല്ലാത്തപക്ഷം, പാകിസ്ഥാന്‍ അനന്തരഫലങ്ങള്‍ ഗുരുതരമായി നേരിടേണ്ടി വരും’-എ്ന്ന അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ഡൊണാള്‍ഡ് ലു പറഞ്ഞതിനെ ഉദ്ധരിച്ചാണ് ഇമ്രാന്‍ ഖാന്‍ പ്രതിപക്ഷത്തിന് മേല്‍ വിദേശ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത്.

അതേസമയം, ഇമ്രാന്‍ ഖാന്‍ ഉയര്‍ത്തിയ ‘വിദേശ ഗൂഢാലോചന’ ആരോപണത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും പിപിപി നേതാവ് ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടെടുപ്പ് കൂടാതെ നാഷണല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി തള്ളിയതോടെയാണ് പാകിസ്ഥാന്‍ ഭരണഘടനാ പ്രതിസന്ധി ശക്തമായത്.