മുല്ലപ്പെരിയാർ കേസ്; ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാരങ്ങൾ മേൽനോട്ട സമിതിയ്ക്ക് കൈമാറുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാരങ്ങൾ മേൽനോട്ട സമിതിയ്ക്ക് കൈമാറുമെന്ന് സുപ്രീം കോടതി. സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങൾ താത്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി മേൽനോട്ട സമിതി ശക്തിപ്പെടുത്താനും സുപ്രീം കോടതി നിർദ്ദേശിച്ചു. മേൽനോട്ട സമിതി ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച്ച പുറത്തിറക്കും. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഡാം സുരക്ഷാ നിയമ പ്രകാരം രൂപീകൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്രം നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതോറിറ്റി പൂർണ്ണ തോതിൽ പ്രവർത്തനസജ്ജമാക്കാൻ ഇനിയും ഒരു വർഷംകൂടി സമയം ആവശ്യമാണെന്നും അതുവരെ അതോറിറ്റിയുടെ അധികാരം മേൽനോട്ട സമിതിക്ക് കൈമാറണമെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. തുടർന്നാണ് സുപ്രീം കോടതി അതോറിറ്റിയുടെ അധികാരങ്ങൾ താത്ക്കാലികമായി മേൽനോട്ട സമിതിയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്.

കേരളത്തിന്റെയും തമിഴ്നാടിന്റെയും ചീഫ് സെക്രട്ടറിമാരാണ് ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യേണ്ടതെന്നും കേന്ദ്രം അറിയിച്ചത്. ഡാം സേഫ്റ്റി അതോറിറ്റിയുടെ അധികാരം ലഭിക്കുന്നതോടെ മുല്ലപ്പെരിയാർ മേൽനോട്ട സമിതി കൂടുതൽ ശക്തമാകും. അണക്കെട്ടിന്റെ പരിപാലനം, സുരക്ഷ, അറ്റകുറ്റപ്പണികൾ തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാനങ്ങളെടുക്കാനുള്ള അധികാരമാണ് ഇതോടെ സമിതിക്ക് ലഭിക്കുന്നത്. അതേസമയം, മേൽനോട്ട സമിതി നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ നിയമപരമായി കേരളത്തിനും തമിഴ്നാടിനും ബാധ്യത ഉണ്ടായിരിക്കും.