കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരിന്റെ മണ്ണില്‍ ഇന്ന് കൊടി ഉയരും. പൊതുസമ്മേളന വേദിയായ ജവഹര്‍ സിറ്റേഡിയത്തില് സജ്ജമാക്കിയ എകെജി നഗറില്‍ വൈകിട്ട് അഞ്ചു മണിക്ക് സ്വാഗതസംഘം ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് പതാക ഉയര്‍ത്തും. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം നടക്കുക. നാളെ രാവിലെ പത്ത് മണിക്ക് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും
നിരീക്ഷകരും പ്രതിനിധികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികളും നേതാക്കളും കണ്ണൂരില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട് ഗുജറാത്ത് സംഘം തിങ്കള്‍ പുലര്‍ച്ചെയും, ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ഇന്ന് രാവിലെയും എത്തി. പൊതുസമ്മേളനത്തിന് ഉയര്‍ത്താനുള്ള പതാക പുന്നപ്ര-വയലാറിന്റെ മണ്ണില്‍നിന്നും കൊടിമരം കയ്യൂര്‍ സമരഭൂമിയില്‍നിന്നും നാളെ കണ്ണൂരിലെത്തിക്കും. രക്തപതാകകളും ചുവപ്പലങ്കാരങ്ങളും ലോക, ഇന്ത്യന്‍ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങളും കൊണ്ട് കണ്ണൂര്‍ നഗരമാകെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി മാറിക്കഴിഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി നേതൃത്വം നല്കുന്ന കൊടിമരജാഥ കയ്യൂര്‍ രക്തസാക്ഷികളുടെ നാട്ടില്‍നിന്ന് തിങ്കള്‍ വൈകിട്ട് പ്രയാണം തുടങ്ങി. കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി എം.വി ഗോവിന്ദന് ഉദ്ഘാടനം ചെയ്യുകയും, കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന് പി കെ ശ്രീമതിക്ക് കൊടിമരം കൈമാറുകയും ചെയ്തു. ഒന്‍പതിന് കണ്ണുര്‍. ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പങ്കെടുക്കും. റാലിയും കാല് ലക്ഷം പേരുടെ വളണ്ടിയര്‍ മാര്‍ച്ചിനും കണ്ണൂര്‍ നഗരം സാക്ഷിയാകും.

