ജനറല്‍ എം.എം നരവനെ വിരമിക്കുന്നു; പകരക്കാരനെ തേടി കരസേന

ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ എം എം നരവനെ ഈ മാസം 30ന് സര്‍വീസില്‍ നിന്നും വിരമിക്കും. ഇതോടെ കരസേന ഉപമേധാവി ലഫ് ജനറല്‍ മനോജ് പാണ്ഡെയുടെ പേരാണ് മേധാവി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. ചൈനീസ് അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള ഈസ്റ്റേണ്‍ കമാന്റിന്റെ കമാന്റ് ഇന്‍ ചീഫ് പദവി ഉള്‍പ്പടെയുള്ള ചുമതലകള്‍ വഹിച്ചിരുന്നു ഇദ്ദേഹം.

മനോജ് പാണ്ഡേയ്ക്ക് പുറമെ, ദക്ഷിണ കമാന്‍ഡ് മേധാവി ലഫ് ജനറല്‍ ജയ് സിങ് നെയ്ന്‍, ദക്ഷിണ പശ്ചിമ കമാന്‍ഡ് മേധാവി ലഫ് ജനറല്‍ അമര്‍ദീപ് സിങ് ഭിണ്ഡര്‍, ലഖ്‌നൗ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ലഫ് ജനറല്‍ യോഗേന്ദ്ര ദിമി എന്നിവരാണ് പരിഗണനയിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍. സീനിയോറിറ്റി സംബന്ധിച്ചാണെങ്കില്‍ മനോജ് പാണ്ഡെ മേയ് ഒന്നിന് സേനാ മേധാവിയായി ചുമതലയേല്‍ക്കും.

അതേസമയം, ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് ശേഷം ഒഴിഞ്ഞ് കിടക്കുന്ന സംയുക്ത മേധാവി സ്ഥാനത്തേക്ക് എം എം നരവനെ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സേനയില്‍ നിന്നും ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇക്കാലയളവില്‍ വിരമിക്കുന്നുണ്ട്. പുതിയ കരസേനാ മേധാവിയെ കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ നിയമന സമിതി വൈകാതെ യോഗം ചേരും.