‘സമയമുണ്ട്, കാത്തിരുന്ന് കാണാം’; സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി തേടിയെന്ന് കെ.വി തോമസ്‌

കൊച്ചി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി ചോദിച്ചെന്ന് കെ.വി തോമസ് വ്യക്തമാക്കി. ഒന്‍പതാം തിയതി വരെ സമയമുണ്ടെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ തന്നെ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. കാരണം, ഇത് ദേശീയ സമ്മേളനമാണ്. ദേശീയ തലത്തില്‍ ബിജെപി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് കൊണ്ടുപോകേണ്ടതുണ്ട്. അത് ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സമീപനവും അതാണ്. ഡല്‍ഹിയിലെ രാഷ്ട്രീയ ജിവിതത്തില്‍, എല്ലാവരേയും യോജിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റ് മുന്നോട്ട് പോയത്. ഭക്ഷ്യസുരക്ഷാ നിയമം ഐക്യകണ്‌ഠേന പാസാക്കിയത് അങ്ങനെയാണ്. ഈയൊരു സാഹചര്യത്തിലാണ് ക്ഷണം ലഭിച്ചപ്പോള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചത്. കെ.സി. വേണുഗോപാല്‍ വിളിച്ച് തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണണ്ട്. സീതാറാം യെച്ചൂരിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും എം.എ.ബേബിയേയും കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഒന്‍പതാം തീയതി താന്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് വെയിറ്റ് ആന്‍ഡ് സീ എന്നല്ലാതെ ഒന്നും പറയുന്നില്ല’- കെ.വി തോമസ് പറഞ്ഞു.