ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പുതുതായി രൂപീകരിച്ച 13 ജില്ലകൾ തിങ്കളാഴ്ച നിലവിൽ വരും. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണ് പുതിയ ജില്ലകളുടെ ഉദ്ഘാടനം നിർവ്വഹിക്കുക. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആന്ധ്രാപ്രദേശിൽ ജനുവരി 26 നാണ് പുതിയ ജില്ലകൾ രൂപീകരിക്കാൻ മന്ത്രിസഭ അനുമതി നൽകിയത്.
പുതിയ ജില്ലകൾ നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം ഇരട്ടിയായി ഉയരും 13 ജില്ലകളാണ് ആന്ധ്രാപ്രദേശിൽ ഉണ്ടായിരുന്നത്. പുതിയ ജില്ലകൾ നിലവിൽ വരുന്നതോടെ 26 ആകും. പുതിയ ജില്ലകൾ വരുന്നതോടെ ഉണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനായി ജില്ലാ പോർട്ടലുകളും കൈപ്പുസ്തകങ്ങളും പുറത്തിറക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഓഫിസ് അലോട്ട്മെന്റ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. തിങ്കളാഴ്ച തന്നെ ജില്ലാ ആസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥർ ചുമതലയേൽക്കണമെന്നാണ് നിർദ്ദേശം.

