കോടികളുടെ സ്വതന്ത്ര വാണിജ്യ കരാര്‍ ഒപ്പിട്ട് ഇന്ത്യയും ഓസ്‌ട്രേലിയയും

ന്യൂഡല്‍ഹി: ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെട്ട് ഓസ്ട്രേലിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണും തമ്മില്‍ നടന്ന വെര്‍ച്വല്‍ യോഗത്തിലാണ് 282 മില്യണ്‍ ഡോളറിന്റെ കരാറായത്. സാമ്പത്തിക സഹകരണത്തിനും വാണിജ്യ ബന്ധത്തിനും സഹകരിക്കുന്ന കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും ഓസ്‌ട്രേലിയന്‍ വാണിജ്യ മന്ത്രി ഡാന്‍ ടെഹാനും പങ്കാളികളായി.

‘കുറഞ്ഞ സമയത്തിനകം ഇത്ര പ്രധാനപ്പെട്ട കരാറില്‍ സമവായമുണ്ടായത് ഇരു രാജ്യങ്ങളും തമ്മിലെ പരസ്പര വിശ്വാസത്തെ കാണിക്കുന്നു, ഇന്തോ- പസഫിക് മേഖലയിലെ വിതരണ ശൃംഖലയിലെ പ്രതിരോധ ശേഷിയും സ്ഥിരതയും വര്‍ദ്ധിപ്പിക്കാന്‍ കരാറിലൂടെ സാധിക്കുമെന്നും കരാര്‍ ഒപ്പിടുന്ന വേദിയില്‍ മോദി അഭിപ്രായപ്പെട്ടു. അതേസമയം, ഈ സ്വതന്ത്ര വാണിജ്യ കരാര്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ ബന്ധം കൂടുതല്‍ ആഴത്തിലുളളതാക്കാന്‍ സഹായിക്കുമെന്ന് സ്‌കോട് മോറിസണ്‍ പറഞ്ഞു. ഇന്ത്യയില്‍ ഈ കരാര്‍ കൊണ്ട് വരുന്ന അഞ്ച് വര്‍ഷത്തിനകം ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് പീയൂഷ് ഗോയലും പറഞ്ഞു. യോഗാദ്ധ്യാപകര്‍ക്കും ഷെഫുമാര്‍ക്കും നല്ല കാലമാണ് വരികയെന്നും വിദ്യാഭ്യാസ മേഖലയിലടക്കം സഹകരണം പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

6000ത്തോളം മേഖലകളിലാണ് വാണിജ്യ കരാറിന്റെ ഫലം ലഭിക്കുക. ആഭരണം, തുണിത്തരങ്ങള്‍, തുകല്‍, ഫര്‍ണിച്ചര്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നവര്‍ക്ക് വലിയ അവസരമാണ് കരാറിലൂടെ ഉണ്ടാകുന്നത്. ഓസ്ട്രേലിയ ഇന്ത്യയില്‍ നിന്നുളള കയറ്റുമതിയ്ക്ക് 96.4 ശതമാനം സൗജന്യ ഡ്യൂട്ടിയാണ് ഏര്‍പ്പെടുത്തുന്നത്. അതേസമയം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് അസംസ്‌കൃത വസ്തുക്കള്‍, കല്‍ക്കരി, ധാതുക്കള്‍ എന്നിവയൊക്കെയാണ്.