അവതാരകന്റെ മുഖത്ത് ഓസ്‌കര്‍ വേദിയില്‍ വച്ച് അടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ വില്‍ സ്മിത്ത് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്ടില്‍ നിന്ന് രാജിവച്ചു. തന്റെ ഓസ്‌കര്‍ വേദിയിലെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതാണെന്നും അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്നും ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്‌കര്‍ അക്കാദമി അവതാരകനെ തല്ലിയ സംഭവത്തില്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാനിരിക്കേയാണ് സ്മിത്തിന്റെ രാജി. അക്കാദമി അധ്യക്ഷന്‍ ഡേവിഡ് റൂബിന്‍ രാജി സ്വീകരിച്ചതായി അറിയിച്ചു. ലോകശ്രദ്ധ നേടിയ നാടകീയ സംഭവങ്ങള്‍ നടന്നത് ഇത്തവണത്തെ ഓസ്‌കര്‍ വേദിയിലായിരുന്നു. അവതാരകനായ ക്രിസ് റോക്ക് ഭാര്യ ജെയ്ഡ പിന്‍കറ്റിന്റെ രോഗാവസ്ഥയെ സൂചിപ്പിച്ച് പറഞ്ഞ തമാശയില്‍ സ്മിത്ത് നിയന്ത്രണം നഷ്ടപ്പെട്ട് വേദിയിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു.
തന്റെ പെരുമാറ്റത്തിന് സ്മിത്ത് മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ ഒരു വിശദമായ കുറിപ്പും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം പുറത്തിറക്കിയിരുന്നു.

