കോണ്‍ഗ്രസിനെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: നവമാധ്യമങ്ങള്‍ ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ രാഷ്ട്രീയം പറയാതെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില അഞ്ചാം പത്തികള്‍ ഇപ്പോഴും പാര്‍ട്ടിക്കകത്ത് തന്നെ ഉണ്ടെന്നും, അച്ചടക്ക സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ നോക്കുകുത്തിയായി മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘സോഷ്യല്‍ മീഡിയ ഒരു ആയുധമായി വിനിയോഗിക്കുന്ന ആളുകളുണ്ട്. അവര്‍ ആഗ്രഹിച്ചത് പാര്‍ട്ടിയില്‍ നടക്കാതെ വരികയോ അവര്‍ ആഗ്രഹിച്ച നേതാവിന് സ്ഥാനത്ത് എത്താന്‍ പറ്റാത്ത വരികയോ ചെയ്താല്‍ അവര്‍ ഇഷ്ടപ്പെടാത്ത നേതാക്കളെ അപമാനിക്കുന്നതിന് വേണ്ടി ബോധപൂര്‍വമായി സോഷ്യല്‍ മീഡിയയെ ഒരു ആയുധമായി ഉപയോഗിച്ചു വരികയാണ്. കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും തമ്മില്‍ പോര് മൂര്‍ച്ഛിക്കുന്നതും നേതാക്കള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപം തുടരുന്നതിലും കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വം അസംതൃപ്തരാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്നതൊക്കെ എല്ലാം സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ചാണ്. അതിനേക്കാള്‍ രാഷ്ട്രീയ എതിരാളികളെക്കുറിച്ച് ഒരു അക്ഷരം പറയാന്‍ പലരും തയ്യാറാകുന്നില്ല. വിഴുപ്പലക്കി കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ പറ്റുമോ? അതിനുള്ള സാഹചര്യം ഇനിയും ഉണ്ടോ? കേരളത്തിലെ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ജനാധിപത്യ ശക്തികളെ സ്‌നേഹിക്കുന്നവര്‍ക്ക് രക്ഷ കൊടുക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ഒരു വിഴുപ്പലക്കലിന് സാധ്യത ഇല്ല’- തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

നേതാക്കളുടേയും ഗ്രൂപ്പുകളുടേയും ഇത്തരം പ്രവണതകള്‍ക്കെതിരെയാണ് അച്ചടക്ക സമിതി ചെയര്‍മാനായ തിരുവഞ്ചൂരിന്റെ രൂക്ഷ വിമര്‍ശനം.