ന്യൂഡൽഹി: റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈൻ വിഷയത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കുന്നതിൽ ഇന്ത്യയുടെ മധ്യസ്ഥത റഷ്യൻ വിദേശകാര്യമന്ത്രി സ്വാഗതം ചെയ്യുകയും ചെയ്തു. യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിന് നയതന്ത്രതല ചർച്ചയിൽ റഷ്യ അഭിനന്ദനം അറിയിച്ചു.
ബാഹ്യസമ്മർദ്ദങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും സെർഗെയ് ലാവ്റോവ് ചർച്ചയിൽ അഭിപ്രായപ്പെട്ടു. യുക്രൈനിലെ നിലവിലെ സാഹചര്യവും സമാധാന ശ്രമവും റഷ്യൻ വിദേശകാര്യമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരിച്ചു. സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മോദി അറിയിച്ചു. എത്രയും വേഗം വെടിനിർത്തൽ ഉണ്ടാകണമെന്ന് കൂടിക്കാഴ്ചയിൽ മോദി അഭ്യർത്ഥിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സമാധാന ശ്രമങ്ങൾക്ക് എല്ലാവിധ സഹകരണവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
യുക്രൈൻ വിഷയത്തിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുമായി കൂടുതൽ അടുക്കാനാണ് റഷ്യ ശ്രമിക്കുന്നത്. അതേസമയം, വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് ചർച്ച നടത്തിയിരുന്നു.

