പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവം; ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവത്തിൽ വിശദീകരണം തേടി ഫയർ ഫോഴ്‌സ് മേധാവി ബി സന്ധ്യ. എറണാകുളം ജില്ലാ ഓഫീസറോടും റീജണൽ ഓഫീസറോടുമാണ് സന്ധ്യ വിശദീകരണം തേടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഫയർഫോഴ്‌സ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. പരിശീലനം നൽകിയ ഉദ്യോഗസ്ഥരോടും ബി സന്ധ്യ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ, റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയത്. അപകടത്തിൽ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികൾ, അതിനായി ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം തുടങ്ങിയവയായിരുന്നു പരിശീലനം. ഇത് പിന്്‌നീട് വലിയ വിവാദങ്ങൾക്ക് വഴി വെച്ചു.

പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം നടത്താൻ അഗ്‌നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. പരിശീലനം നൽകാനിടയായ സാഹചര്യം വിശദീകരിക്കാൻ ഉദ്യോഗസ്ഥരായ ബി അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർന്നുള്ള നടപടികൾ സ്വീകരിക്കുക.