ഇടുക്കി: ഇടുക്കി ജില്ലയിലെ ഒഴിവുള്ള 21 ലൊക്കേഷനിലേയ്ക്കായി അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടിയവർക്കുള്ള അഭിമുഖം ഏപ്രിൽ 5, 6 തീയതികളിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തും.
ഫോം മാർക്കിന്റെയും ഓൺലൈൻ പരീക്ഷയുടേയും അടിസ്ഥാനത്തിൽ യോഗ്യത നേടിയവർക്കാണ് അഭിമുഖം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് അക്ഷയ വെബ്സൈറ്റ്, അക്ഷയ ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി 04862 232 215, 232209 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
അതേസമയം, പട്ടികജാതി വികസന വകുപ്പിൽ ഇടുക്കി ജില്ലയിലേക്ക് 2022 – 2023 വർഷത്തെ എസ്.സി പ്രൊമോട്ടർമാരുടെ നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ഏപ്രിൽ 3 ന് പകൽ 11 മുതൽ 12 വരെ ഗവ. എഞ്ചിനിയറിംഗ് കോളേജ് ഇടുക്കിയിൽ വച്ച് നടത്തും. പരീക്ഷക്ക് അപേക്ഷിച്ചതിൽ യോഗ്യത ഉള്ളവർ തപാൽമാർഗം ലഭ്യമായ അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ച് പരീക്ഷാകേന്ദ്രത്തിൽ 45 മിനിറ്റ് മുമ്പായി അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം എത്തിച്ചേരണം.
ലഭ്യമായ അഡ്മിഷൻ ടിക്കറ്റിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായവർ ജില്ലാ പട്ടികജാതി വികസന ആഫീസുമായോ, ബ്ലോക്ക് പട്ടികജാതി വികസന ആഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ആഫീസർ അറിയിച്ചു. ഫോൺ നമ്പർ – 04862 20697

