പുതിയ മദ്യ നയം; ഐ ടി പാർക്കുകളിൽ ബാറുകളും പബുകൾ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യ നയം പ്രാബല്യത്തിൽ വരുന്നതോടെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരും. ഐടി പാർക്കുകളിൽ ജീവനക്കാർക്കും അതിഥികൾക്കും പ്രവൃത്തി സമയത്തിനുശേഷമുള്ള വിനോദവേളകളിൽ മദ്യം നൽകുന്നതിന് വേണ്ടി പ്രത്യേക ചട്ടം കൊണ്ടുവരാനാണ് തീരുമാനം. വിദേശമദ്യചട്ടത്തിനു കീഴിലാണ് പ്രത്യേക ചട്ടം കൊണ്ടുവരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഐടി പാർക്കുകളിൽ വിനോദത്തിനായി നീക്കിവയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ ലൈസൻസ് അനുവദിച്ച് മദ്യം വിതരണം ചെയ്യാനാണ് തീരുമാനം. അതേസമയം, പ്രവൃത്തി സമയത്ത് മദ്യപിക്കാനാകില്ല. നിയമത്തിലൂടെ ഇത് ഉറപ്പാക്കും. ജീവനക്കാർ മദ്യം ഉപയോഗിച്ചു കഴിഞ്ഞാൽ ഓഫിസിലേക്കു കയറാതിരിക്കാനുള്ള കർശന നിർദേശങ്ങൾ ഉണ്ടാകുമെന്നും ചട്ടങ്ങൾ രൂപീകരിക്കുന്ന നികുതി വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

10 വർഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്നാണ് മറ്റൊരു നിബന്ധന. ഐടി പാർക്കിനുള്ളിലായിരിക്കും പബുകൾ ആരംഭിക്കുക. പുറത്തു നിന്നുള്ളവർക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപകരാർ നൽകാം. ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചിക്കുന്നത്.

ഐടി മേഖലയിൽ വിനോദോപാധികൾ കൊണ്ടുവരുന്ന നടപടികളെല്ലാം സ്വാഗതം ചെയ്യുന്നുവെന്ന് ഐടി ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് ഐടി പാർക്കുകളിൽ ഉള്ളവരും. ഇടയ്ക്കെങ്കിലും വിനോദോപാധി എന്ന നിലയിൽ മദ്യപിക്കുകയോ പബ്ബുകളിൽ സമയം ചെലവഴിക്കുകയോ ചെയ്യുന്നവർ ഐടി പാർക്കുകളിലുമുണ്ടെന്നും അവിടെ അത്തരം അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും ഐ ടി മേഖലയിലെ ജീവനക്കാർ അഭിപ്രായപ്പെടുന്നു.