ന്യൂഡൽഹി: ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ റെയിൽവേ. മിഷൻ 100% വൈദ്യുതീകരണം പദ്ധതിയ്ക്ക് കീഴിൽ 740 കിലോമീറ്റർ കൊങ്കൺ റെയിൽവേ പാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കി. പുതുതായി വൈദ്യുതീകരിച്ച കൊങ്കൺ റെയിൽവേ റൂട്ടിൽ വൈദ്യുത ട്രാക്ഷനോടുകൂടിയ ട്രെയിൻ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
2015 നവംബറിലാണ് കൊങ്കൺ റെയിൽവേയുടെ 741 കിലോമീറ്റർ പാതയുടെ വൈദ്യുതീകരണത്തിന് തറക്കല്ലിട്ടത്. 1287 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 2020 മാർച്ച് മുതൽ ആറ് ഘട്ടങ്ങളിലായി മുഴുവൻ കൊങ്കൺ റെയിൽവേ റൂട്ടിന്റെയും സിആർഎസ് പരിശോധന വിജയകരമായി നടത്തി. പ്രതിദിനം ശരാശരി 16 ജോഡി മെയിൽ എക്സ്പ്രസ് ട്രെയിനുകളും 10 ജോഡി ഗുഡ്സ് ട്രെയിനുകളുമാണ് നിലവിൽ കൊങ്കൺ റൂട്ടിൽ സർവ്വീസ് നടത്തുന്നത്.
റെയിൽവേ ലൈനുകളുടെ വൈദ്യുതീകരണം ഊർജ്ജ ചെലവും പ്രാദേശിക മലിനീകരണവും കുറയ്ക്കും. ഡീസൽ ലോക്കോമോട്ടീവുകൾ ഇല്ലാതാക്കുന്നത് വഴി ഇന്ധനച്ചെലവ് ലാഭിക്കുകയും പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്യും. ഇത് പ്രതിവർഷം 150 കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

