ലോകായുക്ത ഓര്‍ഡിനന്‍സ്: വ്യത്യസ്ത നിലപാടെന്ന് സിപിഐ; ബില്‍ വരുമ്പോള്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുന്ന സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കല്‍ സാങ്കേതിക നടപടി മാത്രമാണെന്ന് നിയമ മന്ത്രി അറിയിച്ചു.

അതേസമയം, ഓര്‍ഡിനന്‍സിന്മേലുള്ള എതിര്‍പ്പ് സിപിഐ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു. വിഷയത്തില്‍ സിപിഐക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്നാണ് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കിയത്. എന്നാല്‍ ബില്‍ വരുമ്പോള്‍ ചര്‍ച്ച ആകാമെന്ന് മുഖ്യമന്ത്രിയും നിയമ മന്ത്രിയും മറുപടി നല്‍കിയതിനെ തുടര്‍ന്ന് സിപിഐ യോജിച്ചു.

ഓര്‍ഡിനന്‍സ് എതിര്‍പ്പില്ലാതെ അംഗീകരിച്ചതില്‍ പാര്‍ട്ടി മന്ത്രിമാരെ നേരത്തെ സിപിഐ നേതൃത്വം വിമര്‍ശിച്ചിരുന്നു. ഇതോടെ ഓര്‍ഡിനന്‍സ് അംഗീകരിച്ചതിന് ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രി കെ രാജന്‍ പാര്‍ട്ടിക്ക് എതിരഭിപ്രായം ഉണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.