മറ്റത്തൂർ: ഒന്നര വർഷം മുൻപു നിർമിച്ച സ്‌കൂൾ കെട്ടിടം പൊളിക്കുന്നു. കിഫ്ബിയുടെ 3 കോടിയും എംഎൽഎ ഫണ്ടിലെ മുക്കാൽ കോടി രൂപയും രൂപ മുടക്കി ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച കെട്ടിടമാണ് പൊളിക്കുന്നത്. ബലക്ഷയം മൂലം തകർന്നു വീഴുമെന്ന ആശങ്കയുള്ളതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. 5 ക്ലാസ് മുറികളാണ് പൂർണമായും പൊളിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പഴയ ക്ലാസ് മുറികൾക്കു മുകളിൽ നിർമിച്ച കോൺക്രീറ്റ് കെട്ടിടമാണിത്. കെട്ടിടത്തിന്റെ ടെറസിൽ വിള്ളലുകൾ രൂപപ്പെട്ടതോടെ ചോർച്ചയും കണ്ടുതുടങ്ങി. കിഫ്ബി തയാറാക്കിയ പ്ലാൻ അനുസരിച്ചാണു കെട്ടിടം നിർമിച്ചത്. പഴയ കോൺക്രീറ്റ് കെട്ടിടത്തിനു മുകളിൽ പുതിയ കെട്ടിടം നിർമിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചു നേരത്തെ ആശങ്കയുണ്ടായിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലത്തിലാണ് സ്‌കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തിരക്കിട്ട് നടത്തുകയായിരുന്നുവെന്ന ആരോപണം ഉയർന്നിരുന്നു.
നിർമാണത്തിനായി കിഫ്ബി കരാർ വിളിച്ചത് മതിയായ സാങ്കേതിക പഠനം നടത്താതെയായിരുന്നു. കെട്ടിടത്തിനു കുഴപ്പമില്ലെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുൻപു കിഫ്ബി പറഞ്ഞത്. നിർമാണം പൂർത്തിയായി മാസങ്ങൾക്കകം തന്നെ വിവിധ ഭാഗങ്ങളിൽ വിള്ളലുകളുണ്ടായി. പരാതി ലഭിച്ചതിനെ തുടർന്ന് തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘവും കിഫ്ബിയും കെട്ടിടത്തിൽ പരിശോധന നടത്തി. പുതിയ കോൺക്രീറ്റിനു ബലക്ഷയമില്ലെന്നും എന്നാൽ പഴയ കെട്ടിടത്തിനു മുകളിൽ കെട്ടിടം നിർമിക്കുമ്പോൾ പാലിക്കേണ്ട സാങ്കേതിക ഒരുക്കം നടത്തിയില്ലെന്നും പഠനത്തിൽ തെളിഞ്ഞു. കെട്ടിടം പൊളിക്കേണ്ടെന്നും അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്നുമായിരുന്നു ഉപദേശം. എന്നാൽ സർവകക്ഷി യോഗത്തിൽ നാട്ടുകാർ ശക്തമായി എതിർത്തതോടെ കെട്ടിടം പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു.

