ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ച് റോണോയും കൂട്ടരും

പോര്‍ട്ടോ: നോര്‍ത്ത് മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യത നേടി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോളാണ് ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ചത്. പോര്‍ച്ചുഗലിലെ ഡ്രാഗണ്‍ സ്റ്റേഡിയത്തലായിരുന്നു മത്സരം. കഴിഞ്ഞ മത്സരത്തില്‍ ഇറ്റലിയെ തോല്‍പ്പിച്ച് അവരുടെ ലോകകപ്പ് മോഹങ്ങള്‍ ഇല്ലാതാക്കിയ മാസിഡോണിയയ്ക്ക് എന്നാല്‍ പോര്‍ച്ചുഗലിനെതിരെ തിളങ്ങാനായില്ല.

മത്സത്തിന്റെ ആദ്യ മിനുറ്റുകളില്‍ റൊണാള്‍ഡോയ്ക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. എന്നാല്‍, അധികം വൈകാതെ 32ാം മിനുറ്റില്‍ റൊണാള്‍ഡോയുടെ പാസില്‍ നിന്നു ബ്രൂണോ ആദ്യ ഗോള്‍ നേടി. പിന്നീട് രണ്ടാം പകുതിയിലാണ് ബ്രൂണോ വല കുലുക്കിയത്. 66ാം മിനുറ്റില്‍ ജോട നല്‍കിയ മനോഹരമായ പാസ് ബ്രൂണോ വലയില്‍ എത്തിക്കുമ്‌ബോഴേക്കും പോര്‍ച്ചുഗല്‍ ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. വീണ്ടും അവസരങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ പോര്‍ച്ചുഗലിന് സാധിച്ചില്ല. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പ് കളിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അഞ്ചാം ലോകകപ്പാണിത്.