ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ല; സമരങ്ങളോടുള്ള വിയോജിപ്പ് അറിയിക്കുമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ലെന്നും ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങളോടുള്ള വിയോജിപ്പ് ഐഎൻടിയുസിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎൻടിയുസിയിൽ കോൺഗ്രസ് അനുഭാവികൾ കൂടുതൽ ഉണ്ടെന്നത് വസ്തുതയാണ്. കോൺഗ്രസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് എതിരാണെന്നും ഏത് ട്രേഡ് യൂണിയൻ ആയാലും ഇത്തരം പ്രവണത അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പണിമുടക്ക് ഹർത്താലിന് സമാനമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനത്തെ ബന്ദിയാക്കി കൊണ്ടുള്ള സമരം അനുവദിക്കാനാകില്ല. പത്ര മാദ്ധ്യമ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച് അസഹിഷ്ണുതയുടെ ഭാഗമാണ്. ജനങ്ങളെ അക്രമിക്കുകയോ മാർഗതടസം ഉണ്ടാക്കുകയോ ചെയ്തതിൽ ഏതെങ്കിലും കോൺഗ്രസ് പ്രവർത്തകന് പങ്കുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. റോഡിലിറങ്ങുന്നവന്റെ കരണത്തടിക്കാനും തലയിൽ തുപ്പാനും ആർക്കും സ്വാതന്ത്ര്യമില്ല. ഇതാണോ മുഖ്യമന്ത്രി പറയുന്ന നവകേരളം എന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെടുള്ള സുപ്രിം കോടതിയുടേയും ഹൈക്കോടതിയുടേയും വിധികൾ സാങ്കേതികം മാത്രമാണെന്നും വി ഡി സതീശൻ വിശദമാക്കി. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. യുഡിഎഫ് പിഴുതെറിഞ്ഞ കല്ലുകൾ മന്ത്രിമാർ ഉൾപ്പെടെ സ്ഥാപിക്കാൻ ശ്രമിച്ചാൽ അത് വീണ്ടും പിഴുതെറിയും. സർക്കാരിന് പ്രശ്‌നം പദ്ധതിയല്ല വായ്പയും അതിന് പിന്നിലുള്ള അഴിമതിയുമാണ്. സർവ്വ സന്നാഹങ്ങളുമായി സർക്കാർ വന്നാലും ജനങ്ങളെ ചേർത്ത് നിർത്തി പ്രതിരോധിക്കും. പദ്ധതിക്ക് വേണ്ടി ചെറുവിരലനക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.