ഹൈദരാബാദ്: ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനായി പുതിയ നടപടികളുമായി കോൺഗ്രസ്. പാർട്ടിയിൽ അംഗത്വമെടുക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പോളിസി നൽകി ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനാണ് തെലങ്കാന കോൺഗ്രസ് നേതൃത്വത്തിന്റെ പദ്ധതി. കോൺഗ്രസ് പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനിൽ അംഗത്വമെടുത്ത 39 ലക്ഷം പേർക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിന് ഹൈക്കമാൻഡും അനുമതി നൽകിയിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇൻഷുറസ് പദ്ധതിക്കായുള്ള പണം സംസ്ഥാനത്തെ പ്രാദേശിക സംസ്ഥാന നേതാക്കൾ കണ്ടെത്തുമെന്ന് നേതൃത്വം പറഞ്ഞു. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിനായി 8 കോടി രൂപ പ്രീമിയം അടച്ചതായും റിപ്പോർട്ടുകളുണ്ട്.
കോൺഗ്രസിൽ അംഗത്വമെടുത്ത 39 ലക്ഷം പേർക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവെന്ന് തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് രേവന്ത് റെഡ്ഡി ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. കോൺഗ്രസ് പാർട്ടിയോട് സ്നേഹവും ബഹുമാനവുമുള്ളവർ മാത്രമാണ് പാർട്ടി അംഗത്വം സ്വീകരിക്കുകയെന്ന് സംസ്ഥാനത്തിന്റെ പാർട്ടി ചുമതയുള്ള മാണിക്ക് ടാഗോർ പറഞ്ഞു. ഇൻഷുറൻസ് ലഭിക്കാനായി ആളുകൾ പാർട്ടിയിൽ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

