ഹൈക്കോടതി ഉത്തരവ് മാനിക്കാൻ ബാധ്യസ്ഥരായതിനാലാണ് ഡയസ്‌നോൺ പ്രഖ്യാപിച്ചത്; വി ശിവൻകുട്ടി

തിരുവനന്തപുരം: ഡയസ്‌നോൺ പ്രഖ്യാപിച്ചതിൽ വിശദീകരണവുമായി തൊഴിൽമന്ത്രി വി ശിവൻകുട്ടി. ഹൈക്കോടതി ഉത്തരവ് മാനിക്കാൻ സർക്കാർ ബാധ്യസ്ഥരായതിനാലാണ് ഡയസ്‌നോൺ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമരം നിയമ വിരുദ്ധമെന്ന് കോടതി പറഞ്ഞിട്ടില്ല. നിലവിലെ ഉത്തരവിനെതിരെ അപ്പീൽ നൽകുമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡയസ്‌നോണുമായി ബന്ധപ്പെട്ട സർക്കാർ നൽകിയ ഒരു ഹർജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരത്തിന്റെ പേരിൽ അക്രമ സംഭവങ്ങൾ നടന്നിട്ടില്ല. അക്രമം ഉണ്ടായതായി മാദ്ധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഓരോന്നിലും തരം തിരിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ഉദ്യോഗസ്ഥർ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി തിങ്കളാഴ്ച്ച തന്നെ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതിയുടെ നൽകിയ നിർദ്ദേശം. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത്. ജീവനക്കാർ ജോലിക്കെത്തണം. സമരം ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നുമാണ് സർക്കാർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.