ന്യൂഡൽഹി: സിൽവർ ലൈൻ സർവേയ്ക്ക് എതിരായ ഹർജി തള്ളി സുപ്രീംകോടതി. സർവേ നടത്തുന്നതിൽ എന്തിനാണ് മുൻധാരണകളെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
സർവേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. പദ്ധതിയുടെ സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എറണാകുളം ആലുവ സ്വദേശി സുനിൽ ജെ അറകാലനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
എന്താണ് സർവേ നടത്തുന്നതിൽ ബുദ്ധിമുട്ടുകളെന്നും എന്തിനാണ് മുൻധാരണകളെന്നുമാണ് കോടതി ഉന്നയിച്ച ചോദ്യം. സർവേ തുടരാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്നാണ് കോടതിയുടെ നിലപാട്. അതേസമയം, സംസ്ഥാനത്ത് കെ റെയിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ മിക്കയിടങ്ങളിലും സിൽവർ ലൈൻ വിരുദ്ധ സമിതി പിഴുതെറിയുന്ന കാഴ്ച്ചകളാണ് കാണാൻ കഴിയുന്നത്. എന്തുവിലകൊടുത്തും പദ്ധതിയുമായി മുന്നോട്ടപോകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

