നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

കൊച്ചി: ദിലീപിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ആലുവ പൊലീസ് ക്ലബിൽ വെച്ചാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. പതിനൊന്നരയോടെ താരം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യൽ നടത്തുന്നത്.

ഒന്നിലധികം ഫോറൻസിക് റിപ്പോർട്ടുകൾ, ഒരു ഡസനോളം മൊഴികൾ, രണ്ട് മാസത്തെ കണ്ടെത്തലുകൾ ഇവയെല്ലാം ഒത്തുനോക്കിയാണ് ക്രൈബ്രാഞ്ച് ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ചോദ്യം ചെയ്യലിനെ നേരിടാനുള്ള തയ്യാറെടുപ്പുകളോടെ എത്തുന്ന ദിലീപിനെ സമ്മർദ്ദത്തിലാക്കിയുള്ള വിവരശേഖരണമാകും പ്രത്യേക അന്വേഷണസംഘം നടത്തുക.

ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ പുരോഗമിക്കുക. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണ സംഘം തുടരന്വേഷണം ആരംഭിച്ചത്. ദിലീപ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിന്റെ പങ്ക് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.