ന്യൂഡൽഹി: ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനൊരുങ്ങി ഇന്ത്യ. ഇക്കാര്യം സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആർബിഐക്ക് നിർദേശം നൽകി.
ഡിജിറ്റൽ വായ്പകൾ നൽകുന്ന സ്ഥാപനങ്ങളാണ് ഇതിൽ കൂടുതലായുമുള്ളത്. റിസർവ് ബാങ്കിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഇതിലുണ്ടെന്നാണ് വിവരം. വ്യക്തികൾക്കും സൂക്ഷ്മ സംരംഭങ്ങൾക്കും വായ്പ നൽകുന്നതിലാണ് ഇത്തരം സ്ഥാപനങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്.
വിദേശ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ ലെൻഡിങ് ഫിൻടെക് കമ്പനികളായ ഇവ വായ്പ നൽകുന്നതിനോ തുക തിരിച്ചുപിടിക്കുന്നതിനോ വ്യവസ്ഥകളൊന്നും പാലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ഹോങ്കോങിൽ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളവയും ഇക്കൂട്ടത്തിലുണ്ട്.

