റഷ്യ-യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് റഷ്യക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കര്‍ശന നടപടിയുമായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്കോസ്മോസ് മേധാവി ദിമിത്രി റൊഗോസിന്‍. യുറോപ്പുമായുള്ള ബഹിരാകാശ രംഗത്തെ സഹകരണം തുടരുന്നത് അസാധ്യമാണെന്നാണ് റോസ്കോസ്മോസ് അറിയിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനായി സജ്ജീകരിച്ച റോക്കറ്റുകള്‍ ഇനി റഷ്യന്‍ കമ്പനികളുടേയും റഷ്യയുടെ സുഹൃദ് രാഷ്ട്രങ്ങളുടേയും സാറ്റലൈറ്റുകളുമായിട്ടായിരിക്കും പറക്കുക.
റഷ്യ-യുക്രൈന് സംഘര്‍ഷം ഒരു മാസം പൂര്‍ത്തിയാകവെയാണ് റോസ്കോസ്മോസ് നിലപാട് കടുപ്പിക്കുന്നത്. റഷ്യയുമായി സഹകരിച്ചുള്ള എക്സോമാര്‍സ് ദൗത്യം മാര്‍ച്ച് 17ന് യൂറോപ്പ് റദ്ദാക്കിയിരുന്നു. ഇതോടെ പുതിയ പങ്കാളികളെ തേടുന്നതായും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ നേരത്തെ അറിയിച്ചിരുന്നു. ബ്രിട്ടിഷ് സാറ്റലൈറ്റ് കമ്പനിയായ വണ്‍വെബ് തങ്ങളുടെ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാനായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി ബന്ധപ്പെട്ടിരുന്നു. റഷ്യയുടെ ബൈക്കനൂരിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും മാര്‍ച്ച് നാലിന് വിക്ഷേപണം തീരുമാനിച്ചിരുന്ന 36 സാറ്റലൈറ്റുകളാണിവ.
അതേസമയം, തുറന്ന ചര്‍ച്ചക്ക് യൂറോപ്പ് തയ്യാറായാല്‍ മാത്രമേ ബഹിരാകാശ സഹകരണത്തെക്കുറിച്ച് ഭാവിയിലും ചിന്തിക്കാനാവൂ എന്നും റോസ്കോസ്മോസ് മേധാവി റൊഗോസിന്‍ ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള റഷ്യന്‍ ബന്ധത്തേയും വിലക്കുകള്‍ ബാധിച്ചിട്ടുണ്ടെന്നും റൊഗോസിന്‍ അറിയിച്ചു.

