എസ്എസ്എൽസി പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി; മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഗുലർ വിഭാഗത്തിൽ മാത്രം 4,26,999 വിദ്യാർത്ഥികൾ ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ എഴുതുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2,962 പരീക്ഷ സെന്ററുകളാണ് പരീക്ഷയ്ക്ക് തയ്യാറാക്കിയത്. പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളടക്കം ആകെ 4,27,407 പേരാണ് പരീക്ഷ എഴുതുക. 4,32,436 വിദ്യാർത്ഥികളാണ് ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്നത്. ഇവർക്കായി 2005 പരീക്ഷ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. ഗൾഫിൽ എട്ടും ലക്ഷദ്വീപിൽ ഒൻപതും പരീക്ഷ സെന്ററുകൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, 2022 ജൂൺ ഒന്നിന് അടുത്ത അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജൂൺ ഒന്നിനായിരിക്കും പ്രവേശനോത്സവം നടക്കുന്നത്. അദ്ധ്യയനം തുടങ്ങും മുൻപ് ഡിജിറ്റൽ ഉപകരണങ്ങൾ നന്നാക്കാനായി ഡിജിറ്റൽ ക്ലിനിക്കുകൾ സംഘടിപ്പിക്കും. അക്കാദമിക്ക് മാസ്റ്റർ പ്ലാനും തയാറാക്കും. 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ അധ്യാപകർക്ക് മെയിൽ പരിശീലനം നൽകും. എൽകെജി, യുകെജി ക്ലാസുകൾക്ക് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.