കെ-റെയില്‍: ഡിപിആര്‍ അപൂര്‍ണം; പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ‘കേരളം സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണ്. പദ്ധതിയുടെ അലൈന്മെന്റിന് വേണ്ടിവരുന്ന റെയില്‍വേ, സ്വകാര്യ ഭൂമി, റെയില്‍വേ ലൈനില്‍ വരുന്ന ക്രോസിങ്ങുകള്‍, ബാധിക്കുന്ന റെയില്‍വേ വസ്തുവകകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കണം. ആയിരം കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് സാമ്പത്തികകാര്യ കാബിനറ്റ് സമിതിയുടെ അംഗികാരം ലഭിക്കേണ്ടതുണ്ട്. 33700 കോടി രൂപ വായ്പാ പദ്ധതി എന്നതും പരിശോധിക്കണമെന്നും മന്ത്രി കെ-റെയില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു.

കെ-റെയില്‍ പദ്ധതി വളരെ സങ്കീര്‍ണമാണ്. പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് ശരിയല്ല. റെയില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ പ്രകാരം ചെലവ് ഒരു ലക്ഷം കോടിക്കു മുകളില്‍ പോകും. പദ്ധതി നടപ്പിലാക്കാന്‍ ഒട്ടേറെ സാങ്കേതിക-പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ട്. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, സര്‍ക്കാര്‍ ആകെ കൊടുത്തിരിക്കുന്നത് പഠനം നടത്താനുള്ള അനുമതി മാത്രമാണെന്നും, ഇതുവരെ പദ്ധതി പൂര്‍ണമായി സമര്‍പ്പിച്ചിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. അല്ലാതെ ഭൂമി ഏറ്റെടുക്കാനുള്ളതല്ല. കെ- റെയില്‍ പദ്ധതി നടപ്പിലാകില്ലെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു. പ്രധാനമന്ത്രി അനുകൂലമായി സംസാരിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയെ കണ്ട അതേ ദിവസമാണ് രാജ്യസഭയില്‍ കെ- റെയില്‍ സംബന്ധിച്ച വിഷയത്തില്‍ റെയില്‍വേ മന്ത്രി വിശദീകരണം നല്‍കിയത്. അതിനാല്‍ റെയില്‍വേ മന്ത്രി പറഞ്ഞ കാര്യങ്ങളാണ് ശരിയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.