രാജ്യാന്തര ചലച്ചിത്ര മേളയിൽ കെ റെയിലിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ കെ റെയിലിനെതിരെ പ്രതിഷേധം. മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ കോമ്പൗണ്ടിലാണ് പ്രതിഷേധം അരങ്ങേറിയത്. പരിസ്ഥിതി പ്രവർത്തകരായ സി.ആർ.നീലകണ്ഠൻ, മേധാ പട്കർ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയക്കാരുടെയോ സെലബ്രറ്റികളുടെയോ വീടുകളിൽ കല്ലിടുന്നില്ല. പാവപ്പെട്ടവരുടെ വീടാണ് പോകുന്നത്. പദ്ധതിക്കെതിരെ സമരമില്ലാത്ത ഇടങ്ങളില്ല. പാർട്ടിക്കാർ നടത്തുന്ന സമരങ്ങളല്ല ഇത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാർ നടത്തുന്ന സമരമാണിത്. പദ്ധതി രേഖകൾ നോക്കിയാൽ അടിമുടി അനധികൃതമാണെന്നും പ്രതിഷേധക്കാർ അറിയിച്ചു.

യുക്രൈനിൽ മാത്രമല്ല, ലോകം മുഴുവൻ പ്രതിസന്ധിയിലാണെന്ന് മേധാ പട്കർ പറഞ്ഞു. പച്ചപ്പുകൾ നിറഞ്ഞ ഈ ഇടമാണ് നമുക്ക് ഓക്സിജൻ നൽകുന്നത്. ഇത് നശിപ്പിച്ചാൽ നമുക്ക് ജീവിക്കാൻ കഴിയാതാവുമെന്നും മേധാ പട്കർ ചൂണ്ടിക്കാട്ടി. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന് ആരാണ് വിലകൽപിക്കുന്നതെന്നും മേധാ പട്കർ ചോദിച്ചു.

ഇവിടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവുകയാണ്. ഇതൊക്കെക്കൊണ്ടാണ് കെ റെയിലിനെതിരെ പ്രതിഷേധം നടക്കുന്നത്. ഇത് സിൽവർ ലൈൻ അല്ല, ഡാർക്ക് ലൈനാണെന്നും മേധാ പട്കർ ചൂണ്ടിക്കാട്ടി.