ശ്രീലങ്കയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; ഇന്ത്യയിലേയ്ക്ക് അഭയാർഥി പ്രവാഹം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ

രാമേശ്വരം: ശ്രീലങ്കയിൽ ഭക്ഷ്യക്ഷാമം രൂക്ഷം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേയ്ക്ക് അഭയാർഥി പ്രവാഹം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച രാവിലെയോടെ 16 ശ്രീലങ്കൻ പൗരന്മാർ തമിഴ്‌നാട് തീരത്ത് ബോട്ടിലെത്തിയെന്നാണ് വിവരം. ഇന്ത്യൻ തീരം ലക്ഷ്യമിട്ട് ശ്രീലങ്കയിൽ നിന്ന് കൂടുതൽ ബോട്ടുകൾ പുറപ്പെട്ടിട്ടുണ്ടെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.

50,000 രൂപയോളം ബോട്ടുകാരന് നൽകിയാണ് തമിഴ്‌നാട് തീരത്തെത്തിയതെന്നാണ് അഭയാർഥികൾ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. രാമേശ്വരത്തിനു സമീപം ബോട്ടിറങ്ങിയ ഇവരെ പിന്നീട് തീരസേന രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പത്തു പേർ കൂടി രാമേശ്വരത്തിനു സമീപം ബോട്ടിലെത്തി. കൂടുതൽ അഭയാർഥികൾ എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. മേഖലയിൽ കൂടുതൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

അതേസമയം, ശ്രീലങ്കയിൽ സ്ഥിതിഗതികൾ വളരെ രൂക്ഷമാണ്. ശ്രീലങ്കയുടെ വിദേശനാണ്യ കരുതൽ ശേഖരം കുത്തനെ ഇടിഞ്ഞതോടെ രാജ്യത്ത് ക്രൂഡ് ഓയിൽ ഇറക്കുമതി നിലച്ച മട്ടാണ്. പെട്രോളിനും പാചകവാതകത്തിനും വില കുതിച്ചുയരുകയാണ്. ഇതിനിടെയാണ് ഇന്ത്യയിലേക്ക് അഭാർത്ഥി പ്രവാഹം തുടങ്ങിയത്.

പെട്രോൾ പമ്പുകളിൽ കഴിഞ്ഞ ദിവസം ശ്രീലങ്ക സൈനികരെ വിന്യസിച്ചിരുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് ശ്രീലങ്കൻ സർക്കാരിന്റെ നടപടി. ഭക്ഷണം, പാചക വാതകം എന്നിവയുടെ ദൗർലഭ്യവും വൈദ്യുതിയുടെ തടസവും ശ്രീലങ്കൻ ജനതയെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

മണ്ണെണ്ണ വാങ്ങാൻ കഴിയാത്തതിനാൽ രോഷാകുലരായ ജനക്കൂട്ടം തിങ്കളാഴ്ച്ച കൊളംബോയിലേക്കുള്ള പ്രധാന റോഡുകൾ തടയുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിച്ചതെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് രമേഷ് പതിരണ അറിയിച്ചു. മണ്ണെണ്ണയുടെ ദൗർലഭ്യത്തിൽ പ്രതിഷേധിച്ച് രോഷാകുലരായ ഒരു കൂട്ടം സ്ത്രീകൾ വിനോദസഞ്ചാരികളെ ഉപരോധിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.