തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരം ശക്തമാക്കി യുവമോർച്ച. പ്രതിഷേധത്തിന്റെ ഭാഗമായി യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കല്ലിട്ടു. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റെ മതിൽ ചാടി കടന്നാണ് പ്രവർത്തകരുടെ നീക്കം. കല്ലിട്ട ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിഞ്ഞത്. കെ -റെയിലിനായി തിരുവനന്തപുരത്ത് ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ വസതിയിൽ ചെന്ന് ഇടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്.
ഉച്ചയക്ക് പന്ത്രണ്ടരയോടെയാണ് പ്രവർത്തകർ ക്ലിഫ്ഹൗസിന്റെ മതിൽ ചാടി കടന്ന ശേഷം കല്ലുകൾ സ്ഥാപിച്ചത്. ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ചിറയിൻകീഴ് താലൂക്കിൽ നിന്ന് പിഴുതെടുത്ത കല്ലുകളാണ് ക്ലിഫ്ഹൗസിൽ സ്ഥാപിച്ചതെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി വി രാജേഷ് അറിയിച്ചു. വിവിധ ഭാഗങ്ങളിൽ നിന്ന് പിഴുതെടുക്കുന്ന കല്ലുകൾ വരും ദിവസങ്ങളിൽ മന്ത്രിമാരുടെ വീടുകളിലും സ്ഥാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

