ന്യൂഡല്‍ഹി: കെ-റെയിലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ കേരളത്തിലെ എംപിമാര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ കയ്യേറ്റം. പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തിയ അംഗങ്ങളെ തടഞ്ഞ പോലീസ് പ്രകോപനമില്ലാതെ ഹൈബി ഈഡന്റെ മുഖത്തടിക്കുകയായിരുന്നു. ടി എന്‍ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളുകയും ബെന്നി ബഹനാന്റെ കോളറില്‍ പിടിച്ചുവലിക്കുകയും ചെയ്തു. രമ്യ ഹരിദാസ് എംപിയെ പോലീസിലെ പുരുഷന്മാര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. വനിതാ പോലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല. സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു.
എംപിമാര്‍ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സര്‍വ്വസാധാരണമാണ്. കേരളത്തിലെ എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാലമെന്റിലേക്ക് പോകാനിരുന്ന എംപിമാര്‍ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്.
കെ-റെയില്‍ പദ്ധതിക്കെതിരായ ജനകീയ സമരങ്ങളെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ച് ഒതുക്കുന്നുവെന്നായിരുന്നു ഹൈബി ഈഡന്റെ നോട്ടീസിലെ വാദം. സ്ത്രീകളും കുട്ടികളടക്കമുള്ളവരെ അതിക്രൂരമായിട്ടാണ് പോലീസ് നേരിടുന്നതെന്നും ഹൈബി കൂട്ടിച്ചേര്‍ത്തിരുന്നു. കേരളം മുഴുവന്‍ പദ്ധതിക്കെതിരാണെന്നും എം.പി നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്.

