കെ റെയിൽ; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങുന്നു

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ തയ്യാറെടുത്ത് സർക്കാർ. പദ്ധതിക്കെതിരെ സമരം ശക്തമാകുന്നതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ എത്രയും പെട്ടെന്നുതന്നെ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച്ച.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. എന്നാൽ പദ്ധതി നടപ്പിലാക്കുമെന്നും കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

അതേസമയം, കെ റെയിലുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. മന്ത്രിയുടെ വീട് സംരക്ഷിക്കാൻ ചെങ്ങന്നൂരിൽ കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. ഇതിന്റെ ഗുണം ആർക്കാണ് ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സജി ചെറിയാൻ ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ താൻ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.