കൊളമ്പോ: പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിച്ച് ശ്രീലങ്ക. സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് ശ്രീലങ്കൻ സർക്കാരിന്റെ നടപടി. ഭക്ഷണം, പാചക വാതകം എന്നിവയുടെ ദൗർലഭ്യവും വൈദ്യുതിയുടെ തടസവും ശ്രീലങ്കൻ ജനതയെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
മണ്ണെണ്ണ വാങ്ങാൻ കഴിയാത്തതിനാൽ രോഷാകുലരായ ജനക്കൂട്ടം തിങ്കളാഴ്ച്ച കൊളംബോയിലേക്കുള്ള പ്രധാന റോഡുകൾ തടയുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിരുന്നു. തുടർന്നാണ് പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിച്ചതെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് രമേഷ് പതിരണ അറിയിച്ചു. മണ്ണെണ്ണയുടെ ദൗർലഭ്യത്തിൽ പ്രതിഷേധിച്ച് രോഷാകുലരായ ഒരു കൂട്ടം സ്ത്രീകൾ വിനോദസഞ്ചാരികളെ ഉപരോധിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
വിനോദസഞ്ചാരികളെ തടഞ്ഞുനിർത്തുന്നത് തങ്ങൾ കണ്ടുവെന്നും ചില ആളുകൾ എണ്ണ പൂഴ്ത്തിയിരിക്കാമെന്നും ഞങ്ങൾ കേൾക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതിനാലാണ് സൈന്യത്തെ വിന്യസിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

