പാലക്കാട്: നീനാ പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തിയതിനെതിരെ പാട്ടുപാടി പ്രതിഷേധിച്ച് അഭിഭാഷകർ. കോടതിയ്ക്ക് മുന്നിൽ പാട്ടുപാടിയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. രാജാവ് നഗ്നനാാണെങ്കിൽ വിളിച്ചു പറയുക തന്നെ ചെയ്യും എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുമായിട്ടായിരുന്നു അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം.
പാലക്കാട് ജില്ലാ സെഷൻസ് ജഡ്ജി ബി. കലാം പാഷയുടെ നിർദ്ദേശ പ്രകാരമായിരുന്നു നൃത്തം തടസ്സപ്പെടുത്തിയതെന്ന് നീനാ പ്രസാദ് നേരത്തെ ആരോപിച്ചിരുന്നു. ജില്ലാ ജഡ്ജിയുടെ നിലപാടിലുള്ള പ്രതിഷേധം കോടതിയിൽ നിന്നാരംഭിക്കുകയാണെന്ന് ലോയേഴ്സ് യൂണിയൻ വ്യക്തമാക്കി.
പാലക്കാട് മോയൻ സ്കൂളിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു നീനാ പ്രസാദിന്റെ നൃത്ത പരിപാടി നടന്നത്. രാത്രി 8.30 ആകുമ്പോഴേക്കും മൈക്ക് ഓഫ് ചെയ്യാനായി ജില്ലാ ജഡ്ജിയുടെ നിർദ്ദേശ പ്രകാരം പൊലീസ് എത്തി എന്നായിരുന്നു നീനാ പ്രസാദിന്റെ ആരോപണം.
കലാകാരന്റെ ജീവിതവും തൊഴിലിടവും മാന്യമായി കാണാനും ഉൾക്കൊള്ളാനും കഴിയണമെന്നും ഇനി അതിനു കഴിഞ്ഞില്ലെങ്കിൽ ഇത്തരം മുഷ്ക്കുകൾ കൊണ്ട് പ്രഹരമേൽപ്പിക്കുന്നത് തങ്ങളെ കാത്തിരിക്കുന്ന അസംഖ്യം കലാസ്വാദകരുടെ മുന്നിൽ ആവേശത്തോടെ കലാവിഷ്ക്കാരത്തിന് തയ്യാറെടുക്കന്ന കലാകാരൻമാരുടെ സ്വാഭിമാനത്തെയാണെന്നെങ്കിലും മനസ്സിലാക്കണമെന്നും നീനാ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.

